തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് പുതിയതായി എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ച 10 പേരിൽ നാലുപേരും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 8,487 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, രാജ്യത്ത് എച്ച് 3 എൻ 2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. കർണാടകയിലും ഹരിയാനയിലും എച്ച് 3 എൻ 2 ബാധിച്ച് രണ്ടുപേർ മരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധന ഇന്ന് നടത്തും. രാജ്യത്ത് വൈറസ് വ്യാപനം നിരീക്ഷിക്കാൻ പ്രത്യേക ശൃംഖല സജ്ജമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർക്കാർ കണക്കനുസരിച്ച് ഇതുവരെ 400 ലധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടുന്നതിനനുസരിച്ച് നിർജ്ജലീകരണത്തിനും അനാരോഗ്യത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. സൂര്യപ്രകാശം ഏൽക്കാതിരിക്കുക. കടകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസും ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ നന്നായി ശ്രദ്ധിക്കണമെന്നും പറയുന്നു.