Breaking News

വേനൽചൂട്; പോലീസിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

തിരുവനന്തപുരം: കേരളത്തിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡി.ജി.പി അനിൽ കാന്ത്. നിർജ്ജലീകരണം ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിലും, ട്രാഫിക്കിലും ജോലി ചെയ്യുന്ന പോലീസുകാർക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് ഡി.ജി.പി യൂണിറ്റ് മേധാവികൾക്ക് നിർദേശം നൽകി. ഇത്തരം ചെലവുകൾക്കായി ജില്ലകളിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വിശിഷ്ടാതിഥികൾ വരും ദിവസങ്ങളിൽ സംസ്ഥാനം സന്ദർശിക്കുന്നതിനാൽ സുരക്ഷാ നടപടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടിവരും. നിർജ്ജലീകരണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പടക്കങ്ങൾ വിൽക്കുന്ന കടകൾ പ്രത്യേകം നിരീക്ഷിക്കാനും ലൈസൻസില്ലാത്ത കടകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പട്രോളിംഗ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പോലീസ് ഉദ്യോഗസ്ഥർ തീപിടിത്തമുണ്ടായേക്കാവുന്ന പ്രദേശങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. പോലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികൾക്കും മൃഗങ്ങൾക്കും പാത്രങ്ങളിൽ വെള്ളം വെക്കണം. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 എന്ന നമ്പറിൽ പോലീസ് കൺട്രോൾ റൂമുമായും 04712722500, 9497900999 എന്ന നമ്പറുകളിൽ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമുമായും ബന്ധപ്പെടാമെന്നും ഡിജിപി അറിയിച്ചു.

ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാണിജ്യ തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇവ മേയ് വരെ നിലനിർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. തണ്ണീർ പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഒ.ആര്‍.എസ് എന്നിവ സജ്ജീകരിക്കണം. ഇത്തരം തണ്ണീർ പന്തലുകൾ എവിടെയാണെന്ന് ജില്ലകൾ തോറും പൊതുജനങ്ങളെ അറിയിക്കണം. അടുത്ത 15 ദിവസത്തിനുള്ളിൽ പ്രവർത്തനം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …