തിരുവനന്തപുരം: ഓസ്കർ വിജയത്തിൽ മിന്നി നിൽക്കുകയാണ് ഇന്ത്യൻ സിനിമ. ‘ആർആർആറി’ലെ ഹിറ്റ് ഗാനമായ ‘നാട്ടു നാട്ടു’, ഡോക്യുമെന്‍ററി ചിത്രം ‘ദി എലിഫന്‍റ് വിസ്പേഴ്സ്’ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഓസ്കർ നേടിയത്. ഇപ്പോഴിതാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്.
“ഓസ്കറിൽ വളരെ പ്രധാനപ്പെട്ട രണ്ട് അവാർഡുകൾ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ സിനിമയുടെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ കീരവാണിക്കും കാർത്തികി ഗോൺസാൽവസിനും ടീമിനും അഭിനന്ദനങ്ങൾ. അതിരുകൾ മറികടന്ന് ഞങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ, ” മുഖ്യമന്ത്രി കുറിച്ചു. മലയാളത്തിലും നിരവധി ഹിറ്റ് ഗാനങ്ങൾക്ക് കീരവാണി സംഗീതം നൽകിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ തീർത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്താണ് കീരവാണിക്ക് ഓസ്കർ അവാർഡ് ലഭിച്ചിരിക്കുന്നത്. ‘ദേവരാഗം’ ഉൾപ്പെടെ മലയാളത്തിലും ഹിറ്റ് സംഗീതം തീർത്ത ഈ മുതിർന്ന സംഗീതജ്ഞന് ലഭിച്ച അംഗീകാരം ദക്ഷിണേന്ത്യയ്ക്കാകെ അഭിമാനകരമാണ്. തെലുങ്ക് സിനിമയെ പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയർത്തിയതിൽ കീരവാണിയും അമ്മാവന്‍റെ മകൻ എസ് എസ് രാജമൗലിയും വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റിയ ‘ബാഹുബലി’ സീരീസിന്‍റെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രിക സംഗീതം.