പത്തനംതിട്ട: സ്വപ്ന സുരേഷിനെതിരെ നിയമനടപടി നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറിക്ക് ഉത്തരമില്ല. മാനനഷ്ടക്കേസ് നൽകുമെന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്.
കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിക്ക് ഹിന്ദുത്വ നിലപാട്. കോൺഗ്രസിന് മൃദു ഹിന്ദുത്വം. കോൺഗ്രസിന് എപ്പോൾ വേണമെങ്കിലും ബി.ജെ.പിയാകാം.
കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹമാണ് നടക്കുന്നത്. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസ് ആഭ്യന്തര കലഹം മറച്ചുവയ്ക്കുകയാണ്. കെ സുധാകരനെ മാറ്റാൻ പാർട്ടിക്കുള്ളിൽ തന്നെ ശബ്ദമുണ്ട്. കെ മുരളീധരന്‍റെ പ്രസ്താവന അതിന് ഉദാഹരണമാണ്. കോൺഗ്രസ് പിളർന്നാൽ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്നതിൽ സംശയമില്ലെന്നും സി.പി.എമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയിൽ വൻ ജനപങ്കാളിത്തമുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.