കൊല്ലം: കൊല്ലം കോർപ്പറേഷനിൽ മാലിന്യ നിർമാർജനം വിജയകരമായി നടപ്പാക്കാൻ കാരണം സോൺട കമ്പനിയെ ഒഴിവാക്കിയതാണെന്ന് കൊല്ലം മേയറും സി.പി.എം നേതാവുമായ പ്രസന്ന ഏണസ്റ്റ്. ഇടത് സർക്കാർ പൂങ്കാവനമാക്കി മാറ്റിയ കൊല്ലത്തെയും ഗുരുവായൂരിലെയും മാലിന്യ പ്ലാന്‍റുകൾ പ്രതിപക്ഷം സന്ദർശിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സോൺടയുമായുള്ള കരാറിൽ നിന്ന് പിൻമാറി ഉത്തരവാദിത്തമുള്ള മറ്റൊരു കമ്പനിക്ക് കരാർ കൈമാറിയതിനാലാണ് പൂങ്കാവനം സാധ്യമായതെന്ന് മേയർ പറയുന്നു.
കൊല്ലം കോർപ്പറേഷനുമായുള്ള കരാറിൽ നിന്ന് സ്വയം പിൻമാറിയതായായിരുന്നു സോൺട കമ്പനി എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞത്. എന്നാൽ പ്രസന്ന ഏണസ്റ്റ് ഈ അവകാശവാദം പൂർണ്ണമായും തള്ളിക്കളയുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ മാതൃകാ മാലിന്യ സംസ്കരണത്തിന്‍റെ ഉദാഹരണമായി തദ്ദേശ സ്വയംഭരണ മന്ത്രി ചൂണ്ടിക്കാട്ടിയ കൊല്ലം കുരീപ്പുഴയിലെ മാലിന്യ പ്ലാന്‍റിലെ ബയോ മൈനിങ് വിജയകരമായി പൂർത്തീകരിച്ചത് സോൺട കമ്പനിയെ മാറ്റി മറ്റൊരു കമ്പനിയെ ഏൽപ്പിച്ചതുകൊണ്ടാണെന്ന് കൊല്ലം മേയർ തന്നെ പറയുമ്പോൾ ഉയരുന്നത് മറ്റൊരു ചോദ്യമാണ്. പാർട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തള്ളിക്കൊണ്ട് സർക്കാർ എന്തിനാണ് സോൺട കമ്പനിക്ക് വേണ്ടി സംസാരിക്കുന്നത് എന്നതാണ് അത്.