റിയാദ്: വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ട് സൗദി അറേബ്യയിലെ ജിസാനിൽ ഒരു കുടുംബത്തിലെ 4 കുട്ടികളെ കാണാതായി. കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു. വാദി വാസിഇലായിലാണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയതിനെ തുടർന്നാണ് മാതാപിതാക്കളുടെ കൺമുന്നിൽ കുട്ടികളെ കാണാതായത്.
ജിസാനിലെ സ്വബ്‍യയിലെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ വാഹനം വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് വളരെ അകലെ നിന്നാണ് സിവിൽ ഡിഫൻസ് സംഘം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മറ്റു കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഈ പ്രദേശത്ത് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദിയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. ജിസാനിലെ അൽ ഹഷ്ർ മലനിരകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ പലയിടത്തും കാറ്റും ഇടിമിന്നലുമുണ്ട്. വ്യാഴാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.