ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതോടെ സംസ്ഥാനത്ത് വ്യാജവാറ്റ് പെരുകിയെന്ന് എക്സൈസ്. ഇതോടെ വ്യാജവാറ്റ് തടയാനുള്ള നടപടികളും എക്സൈസ് ഊര്‍ജിതമാക്കികഴിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബാറുകള്‍ അതിനു മുമ്പേ പൂട്ടി. 24 മുതല്‍ 29 വരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റര്‍ വാഷ് എന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്.
ജനുവരിയില്‍ 10,831 ലീറ്റര്‍ വാഷും ഫെബ്രുവരിയില്‍ 11,232 ലിറ്ററുമാണ് എക്സൈസ് പിടികൂടിയത്. കണക്കിലെ ഈ കുതിച്ചുചാട്ടം വ്യാജവാറ്റ് വര്‍ധിച്ചതിന്റ തെളിവാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മാര്‍ച്ച് 27 മുതല്‍ 29 വരെ 8,450 ലിറ്റര്‍ വ്യാജ കള്ള് പിടിച്ചെടുത്തിട്ടുണ്ട്. ലോക്ഡോണ്‍ തുടങ്ങിയതു മുതല്‍ ഇന്നലെ വരെ 12 മയക്കുമരുന്ന് കേസുകളും 86 അബ്കാരി കേസുകളും റജിസ്റ്റര്‍ ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 11.63 കിലോ കഞ്ചാവാണ് ഈ കാലയളവില്‍ പിടിച്ചത്. 76 ലിറ്റര്‍ ചാരായവും 49.47 ലീറ്റര്‍ മദ്യവും പിടികൂടിയതായ് അധികൃതര്‍ അറിയിച്ചു..