കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വെള്ളിയാഴ്ച ചെലവൂര്‍ സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഷിഗല്ല രോഗലക്ഷണമുള്ളതിനാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 9 കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിര്‍ന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസ്സിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്കയച്ചു.
പരിശോധന ഫലം നാളെ ലഭിച്ചേക്കും. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.