ചീമേനി തുറന്ന ജയില്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്ന കാര്യം പരിഗണനയില്‍. ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ചീമേനി തുറന്ന ജയിലില്‍ ഇനി മുപ്പതോളം അന്തേവാസികള്‍ക്കാണ് പരോള്‍ ലഭിക്കേണ്ടത്.
ഇന്ന് ഉച്ചയോടെ ഇവരും പരോളില്‍ പോകും. പിന്നീട് 24 പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഉള്ളത്.
ഇവര്‍ക്ക് പരോളിനുള്ള അവകാശമില്ല. ജയിലില്‍ 200 പേര്‍ക്ക് കിടക്കാവുന്ന കിടക്കകളുണ്ട്. മാത്രമല്ല, ഡോക്ടര്‍, നഴ്സിംഗ് ജീവനക്കാര്‍, ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് സൗകര്യങ്ങളും ജയിലുണ്ട്.
കൂടാതെ അമ്ബതോളം ജയില്‍ ജീവനക്കാര്‍ വേറെയും. തടവുകാര്‍ പരോളില്‍ പോയി വരുന്നത് വരെ ഇവര്‍ക്ക് വിശ്രമമാണ്. 200 പേര്‍ക്ക് കിടക്കാവുന്ന സൗകര്യവും ഉപയോഗ ശൂന്യമാകും. ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം
പെരുകുന്നത് ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇതിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ ജയിലില്‍ നിലവിലുള്ള സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും.
ജയിലില്‍ പശു, പന്നി ഫാമുകള്‍ നിലവിലുണ്ട്. പോക്സോ തടവുകാരെ ഉപയോഗപ്പെടുത്തിയാണ് വരും ദിവസങ്ങളില്‍ ഇവയെ പരിപാലിക്കുക. പോക്സോ തടവുകാരെ കാഞ്ഞങ്ങാട്ടെ സബ് ജയിലിലേക്കോ, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കോ മാറ്റാവുന്നതേയുള്ളൂ.