രാജ്യം കൊറോണ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമാകുന്നതിനിടെ ആശങ്ക ഉയര്‍ത്തി 40ലധികം ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തി. ആശങ്കയുടെ വകഭേദമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ 21, മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെല്‍റ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
ഡെല്‍റ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ പ്ലസ്.
വായുവിലൂടെ എളുപ്പത്തില്‍ പകരുമെന്നതില്‍ അതിവേഗ വ്യാപനശേഷിയുണ്ട്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളത് കൊണ്ടാണ് ഡെല്‍റ്റ പ്ലസിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുള്ളത്.
വാക്‌സീന്‍ എടുത്തവരില്‍ ഡെല്‍റ്റ പ്ലസ് വന്നിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വാക്‌സീന്റെ പ്രതിരോധ ശേഷിയെ മറികടന്നിട്ടില്ലെന്നും മരണം സംഭവിച്ചിട്ടില്ലെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അതേസമയം കേരളത്തില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പാലക്കാട് ജില്ലയിലെ പിരായിരി, പറളി പഞ്ചായത്തുകള്‍ ഇന്നു മുതല്‍ 7 ദിവസത്തേക്കു പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു.
ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ ജനിതക പഠനത്തിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ഏപ്രില്‍, മേയ് മാസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ സ്രവമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവരുമായി ബന്ധപ്പെട്ട വ്യക്തികളും ഇവരുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും രോഗമുക്തരായിട്ടുണ്ട്.
എങ്കിലും ജാഗ്രത കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് 2 പഞ്ചായത്തുകളും പൂര്‍ണമായും അടച്ചിടുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. അവശ്യ സേവനങ്ങള്‍ക്കും ആശുപത്രി യാത്രയ്ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്