ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയവരിൽ പൃഥ്വി ഷായും സൂര്യകുമാർ യാദവും ഉണ്ടെന്ന് ബിസിസിഐ മെഡിക്കൽ ടീം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന താരങ്ങൾ ഉടൻ ശ്രീലങ്ക വിടില്ല. സൂര്യയും ഷായും കൂടാതെ ഹർദ്ദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ദേവദത്ത് പടിക്കൽ, കൃഷ്ണപ്പ ഗൗതം എന്നീ താരങ്ങളും കൃണാലുമായി അടുത്ത സമ്പർക്കം പുലർത്തി എന്ന്
റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എട്ടാമത്തെ താരം ആരെന്ന് വ്യക്തതയില്ല. ഷായും സൂര്യയും ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ ഉൾപ്പെടില്ലെന്നാണ് വിവരം.
ആ സമയത്തിനുള്ളിൽ ഇരുവരും ഇംഗ്ലണ്ടിലെത്തി ക്വാറൻ്റീൻ പൂർത്തിയാക്കില്ല. ക്വാറൻ്റീനിൽ കഴിയേണ്ടതിനാൽ ഇവർ മൂന്നാമത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണെന്നും
സൂചനയുണ്ട്. അതേസമയം, കൃണാൽ പാണ്ഡ്യയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന 8 പേർ ഇന്ന് നടക്കുന്ന
രണ്ടാം ടി-20യിൽ കളിക്കില്ലെന്ന് റിപ്പോർട്ട് ഉണ്ട്. ഇവരുടെയെല്ലാം കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പക്ഷേ, മുൻകരുതൽ എന്ന നിലയിൽ താരങ്ങൾ രണ്ടാം ടി-20യിൽ കളത്തിലിറങ്ങില്ലെന്ന്
ടീമുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 1-0നു മുന്നിലാണ്.