പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ മുൻ എംഎൽഎ അനിൽ അക്കരയുടെ വിമർശനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എവി ഗോപിനാഥ്.
പിണായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം എന്ന അനിൽ അക്കരയുടെ വാക്കുകളാണ് ഗോപിനാഥിനെ പ്രകോപിപ്പിച്ചത്. തനിക്ക് വളർത്തുനായയുടെ അനുഗ്രഹം വേണ്ടെന്നായിരുന്നു മറുപടി.
എൻ്റെ ചെരിപ്പ് നക്കാൻ വന്നവരിൽ അനിൽ അക്കരയുമുണ്ടായേക്കും, തനിക്കാ കാര്യം അറിയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഒരു സ്ഥാനവും ആവശ്യമില്ല, സ്വീകരിക്കില്ല.
ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല.
ഈ നിമിഷം മുതൽ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എച്ചിൽ നക്കിയ ശീലം ഗോപിനാഥിൻ്റെ നിഘണ്ടുവിലില്ല. പ്രത്യേക ജനുസെന്ന് പലരും പറയും. പ്രത്യേക ജനുസ്സായതിനാലാണ് ഞാൻ കോൺഗ്രസിനൊപ്പം നിന്നത്. ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു.
എല്ലാവർക്കും നന്ദി. സിപിഎം ഉൾപ്പടെയുള്ള പാർട്ടികളുമായി അയിത്തമില്ല. ഒരാളെയും കോൺഗ്രസ് മാറാൻ പ്രേരിപ്പിക്കുന്നില്ല. പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത് ഭരണം വിടില്ല. അഞ്ച് കൊല്ലവും താനടക്കം 11 പേരും ഒറ്റക്കെട്ടായി പഞ്ചായത്ത് ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY