നീലഗിരിയില്‍നിന്ന് കേരളത്തില്‍ പോയി മടങ്ങുന്ന തദ്ദേശീയരായവര്‍ക്കും വെള്ളിയാഴ്ച മുതല്‍ ആര്.ടി.പി.സി.ആര് നിര്‍ബന്ധമാണെന്ന് ജില്ല ഭരണകൂടം. കേരളത്തില്‍ കോവിഡ് വ്യാപനത്തോതും നിപ വൈറസ് ബാധ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നിബന്ധനയെന്ന് ജില്ല കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ അറിയിച്ചു. കേരളത്തില്‍ പോയിവരുന്ന നീലഗിരിക്കാര്‍ക്ക് ആധാറും പ്രതിരോധ കുത്തിവെപ്പ് എടുത്ത സര്‍ട്ടിഫിക്കറ്റും കാണിച്ചാല്‍ മതിയായിരുന്നു.
നിപ വൈറസ് ബാധയും ഉണ്ടായതോടെയാണ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനും തദ്ദേശീയര്‍ക്കും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും വേണമെന്ന് നിര്‍ബന്ധമാക്കിയത്. സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്നവരുടെ സ്രവപരിശോധന നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് വേണമെന്ന നിബന്ധന ചെലവേറിയതാണെന്ന് ജനങ്ങള്‍ പരാതി പറയുന്നു. ഒരംഗത്തിന് പരിശോധന ഫീസായി 1000 രൂപയോളം ചെലവിടണം. ഇത് വളരെയേറെ സാമ്ബത്തികപ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും പറയുന്നു. കൂലിപ്പണി തേടി ധാരാളം പേരാണ് ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നാടുകാണി, ചോലാടി, പാട്ടവയല്‍ ചെക്ക്പോസ്റ്റുകള്‍ വഴി മലപ്പുറം, വയനാട് ജില്ലകളുടെ വിവിധ ഭാഗത്തേക്ക് പോകുന്നത്. ദിവസവും മടങ്ങുന്ന ഇവര്‍ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ 1000 രൂപവീതം ചെലവാക്കി പരിശോധന നടത്തണമെന്നത് ഏറെ ദുരിതമാണെന്നും തൊഴിലാളികള്‍ പറയുന്നു.