കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടെ ആംബുലന്‍സുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നത് തിരിച്ചടിയാകുന്നു. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് നിരവധി സന്നദ്ധ സംഘടനകള്‍ അവരവരുടെ ചില വാഹനങ്ങള്‍ സ്വന്തം ചെലവില്‍ ചില്ലറ മാറ്റം വരുത്തി ഓക്സിജന്‍ സിലിണ്ടറുകള്‍വരെ സ്ഥാപിച്ച് സൗജന്യമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നോട്ട് വന്നത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പറവൂരിലും പരിസരങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം വണ്ടികള്‍ കണ്ടെത്തി പരിശോധന നടത്തുകയും പിഴയീടാക്കുകയും ചെയ്തു. രണ്ടു മൂന്നു മാസമായി ഇത്തരം സന്നദ്ധസംഘടനകളുടെ വാഹനങ്ങളാണ് നിര്‍ധന രോഗികള്‍ ആശ്രയിക്കുന്നത്.
ഈ വാഹനങ്ങളോട് ആംബുലന്‍സ് എന്ന പേരില്‍ ഇനി റോഡില്‍ ഇറങ്ങരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും പിഴയീടാക്കുകയും ചെയ്തു.
സന്നദ്ധസംഘടനകളും നാട്ടുകാരും ചേര്‍ന്നാണ് ചെലവ് വഹിച്ചിരുന്നത്. അതേസമയം, രജിസ്ട്രേര്‍ഡ് ആംബുലന്‍സുകാരുടെ പരാതിയെ തുടര്‍ന്നാണ് ഈ വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതെന്നാണ് ആര്.ടി.ഒ അധികൃതര്‍ അറിയിച്ചത്. കലക്ടര്‍, ഡി.ടി.സി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കരുമാല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മേനാച്ചേരി ആവശ്യപ്പെട്ടു.