സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ 2020ലെ പുതുജീവിവര്ഗങ്ങളില് കൊല്ലം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ പ്രത്യേക മത്സ്യവിഭാഗവും (സ്നേക്ക് ഈല്‍). ‘സിറിയാസ് അന്ജാെലെ’ എന്ന പ്രത്യേക ജീവിവര്‍ഗത്തില്‍ പെടുന്ന ഈ സ്നേക്ക് ഈലുകളെ ഐ.സി.എ.ആര് – സി.എം.എഫ്.ആര്.ഐയിലെ ശാസ്ത്രജ്ഞരാണ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.
കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ പക്കല്‍നിന്നാണ് വലിയ കണ്ണുകളും ചെറിയ കൂര്‍ത്ത മൂക്കും വ്യത്യസ്ത പല്ലുകളുമുള്ളതും പാമ്ബിന് സമാനമായതുമായ ഈലുകളെ പഠനവിധേയമാക്കിയത്. 2019 ഒക്ടോബറിലായിരുന്നു സി.എം.എഫ്.ആര്.ഐയിലെ സീനിയര്‍ ശാസ്ത്രജ്ഞയായ ഡോ. മിറിയം പോള്‍ ശ്രീറാമിെന്റ മേല്‍നോട്ടത്തില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിനി ട്രീസ അഗസ്റ്റിന ഈ ജീവിവിഭാഗത്തെ പഠനവിധേയമാക്കിയത്.
സി.എം.എഫ്.ആര്.ഐയിലെ ഡോ. സന്ധ്യ സുകുമാരന്‍ സഹ ഗൈഡാകുകയും ടെക്നീഷ്യന് കെ.എം. ശ്രീകുമാര്‍, അഞ്ജലി ജോസ് എന്നിവര്‍ പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു. സിറിയാസ് വര്‍ഗത്തില്‍പ്പെട്ട നാല് ഉപവര്‍ഗങ്ങള്‍ മാത്രമേ ലോകത്ത് കണ്ടെത്തിയിട്ടുള്ളൂ. ഇതിന് 147 -149 കശേരുക്കളുണ്ടെന്ന പ്രത്യേകത മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.
അമേരിക്കയിലെ കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസിലെ അക്വാറ്റിക് ബയോളജി മേധാവി ഡോ. ജോണ്‍ ഇ. മക്കോസ്കറിന് സി.എം.എഫ്.ആര്.ഐ പഠനം സമര്‍പ്പിച്ചതോടെയാണ് കേരളത്തിലെ പുതുജീവിവര്ഗം ലോകശ്രദ്ധയില്വന്നത്. തുടര്‍ന്ന് ജീവിവര്‍ഗത്തെക്കുറിച്ചുള്ള ആധികാരിക അന്താരാഷ്ട്ര ജേണലായ സുവോടാക്സയില് പഠനം പ്രസിദ്ധീകരിച്ചു. സുവോളജിക്കല്‍ സര്‍വേ എല്ലാ വര്‍ഷവും പുതുക്കുന്ന ‘ആനിമല്‍ ഡിസ്കവറീസ്’ പട്ടികയില്‍ ഇതുവരെ 1,02,718 ജീവിവര്‍ഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 407 പുതുജീവജാലങ്ങളുമുണ്ട്.