പുരാവസ്തുക്കളുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ നടന്‍ ബാല ഇടപെട്ടു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. മോണ്‍സണ്‍ തന്റെ സുഹൃത്താണെന്നും അയാളുമായി സാമ്ബത്തിക ബാധ്യത ഇല്ലെന്നും ഇപ്പോള്‍ പുറത്തുവന്ന ശബ്ദ സന്ദേശം മാസങ്ങള്‍ക്ക് മുന്‍പ് ഉള്ളതാണെന്നുമുള്ള വിശദീകരണവുമായി ബാല രംഗത്തെത്തി.
മോന്‍സനെതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്ബത്തിക ഇടപാടുണ്ടായിരുന്നുവെന്ന് അജി നെട്ടൂര്‍. ബാലയുടെ ഡിവോഴ്സിനായി അഞ്ച് ലക്ഷം രൂപ നല്‍കിയത് അനൂപ് അഹമ്മദായിരുന്നു. ഇതേപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അജി നെട്ടൂര്‍ പറഞ്ഞു. ‘കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡിവോഴ്സിനായി മുപ്പത് ലക്ഷം രൂപയായിരുന്നു ബാല നല്‍കേണ്ടിയിരുന്നത്. ആ സമയം ബാലയുടെ കൈയില്‍ അത്രയും തുക ഉണ്ടായിരുന്നില്ല.
ആ സമയം അനൂപ് അഹമ്മദാണ് സഹായിച്ചത്. അഞ്ച് ലക്ഷം രൂപ നല്‍കി. ഇത് തിരിച്ചു നല്‍കാതെ വന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിഷയത്തില്‍ ഇടനിലക്കാരനായി സംസാരിച്ചത് താനായിരുന്നു. പണം മുഴുവന്‍ നല്‍കിയാല്‍ മാത്രം പ്രശ്നം പരിഹരിക്കാമെന്നായിരുന്നു അനൂപ് അഹമ്മദ് പറഞ്ഞു. മുക്കാല്‍ ഭാഗം പണവും കൊടുത്തു തീര്‍ത്തു. ഇനിയും നല്‍കാനുണ്ടെന്നാണ് അറിയുന്നത്. ബാലയും മോണ്‍സണും നല്ല സുഹൃത്തുക്കളാണ്. ബാല പറയുന്ന കാര്യങ്ങള്‍ നുണയാണെന്നും’ അജി കൂട്ടിച്ചേര്‍ത്തു.