സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും സതീദേവി പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കൊലപ്പെടുത്തിയ നിതിന മോളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സതീദേവിയുടെ പ്രതികരണം.
ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ പലരുടേയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി നിലനില്‍ക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാല്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകള്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയുണ്ടാക്കുമെന്നും അധ്യക്ഷ കൂട്ടിചേര്‍ത്തു. ചര്‍ച്ചകളിലെ സ്ത്രീ വിരുദ്ധത അംഗീകരിക്കാന്‍ കഴിയില്ല.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷ ഉണ്ടാക്കണമെന്ന് പി സതീദേവി പറഞ്ഞു. ‘സ്ത്രീയെ മോശമായി വാക്ക് കൊണ്ടോ, നോക്ക് കൊണ്ടൊ അധിക്ഷേപിക്കാന്‍ പാടില്ല. ഉത്തരവാദിത്വപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് നിലപാട്’ പി സതീദേവി വിശദീകരിച്ചു.