പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ചെമ്ബോല യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്ബോല വ്യാജമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചെമ്ബോല യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.
മോന്‍സന്റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് ഇടനില നിന്നവരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയ സാഹചര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കളില്‍ സംശയം തോന്നിയ ബെഹ്‌റ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് കത്ത് നല്‍കി. കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ മോന്‍സണ്‍ പങ്കെടുത്തതായി രേഖകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്.