സംസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പുകള്‍ മുമ്ബെങ്ങുമില്ലാത്ത വിധം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ കോട്ടയം ജില്ലയില്‍ മാത്രം 108 ഹണി ട്രാപ്പ് തട്ടിപ്പുകളാണ് നടന്നത്.
പൊലീസിന് ലഭിച്ച പരാതികളുടെ കണക്ക് മാത്രമാണിത്. ഇതിന്റെ ഇരട്ടിയോളം തട്ടിപ്പുകള്‍ പരാതിയായി രജിസ്‌റ്റര്‍ ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
മാനഹാനിയും സമൂഹത്തിലുണ്ടാകുന്ന നാണക്കേടും കാരണം പലരും തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്‍കി കെണിയില്‍ നിന്ന് തലയൂരുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം സൈബര്‍ തട്ടിപ്പുകള്‍ ഇരട്ടിയായി വര്‍ദ്ധിച്ചെന്നാണ് സൈബര്‍ സെല്‍ നല്‍കുന്ന വിവരം.
മുമ്ബ് ബാങ്കിംഗ് തട്ടിപ്പുകളാണ് സൈബര്‍ മേഖലയില്‍ സജീവമായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഹണിട്രാപ്പിലേക്ക് മാറിയെന്നതാണ് ശ്രദ്ധേയം. ഭൂരിഭാഗം തട്ടിപ്പുകള്‍ക്ക് പിന്നിലും ഉത്തരേന്ത്യന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. 2020 ല്‍ 33 പരാതികള്‍ മാത്രമാണുണ്ടായിരുന്നത്. സമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള പരിചയത്തിന് പിന്നാലെ വരുന്ന വീഡിയോ കോളാണ് പുതിയ തട്ടിപ്പിന്റെ രീതി.
ചാറ്റിംഗിനൊടുവില്‍ വീഡിയോ കോളില്‍ വരട്ടയെന്ന ചോദ്യത്തില്‍ വീണ് പോയവരാണ് കെണിയില്‍ അകപ്പെട്ടതില്‍ അധികവും. മറുതലയ്‌ക്കല്‍ നഗ്നയായ യുവതികളാണ് കോളില്‍ വരിക. കെണിയില്‍ അകപ്പെടുന്നവര്‍ പരിഭ്രാന്തരായി കോള്‍ കട്ട്
ചെയ്യുന്നതിന് പിന്നാലെ യുവതിയുമായി സംസാരിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ട് അയച്ചുകൊടുക്കുകയും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.
നാണക്കേട് ഭയന്ന് പലരും പണം അയയ്‌ക്കാന്‍ നിര്‍ബന്ധിതരാവും. ചുരുക്കം ചിലര്‍ മാത്രമാണ് പരാതിയുമായി സൈബര്‍ സെല്ലിന്റെ മുമ്ബിലെത്തുക. പൊലീസ് അന്വേഷണം ആരംഭിക്കുന്നതോടെ ഭീഷണി കോളുകള്‍ ഇല്ലാതാവും.
കോളേജ് വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഡ്രൈവമാര്‍, കൂലിപ്പണിക്കാര്‍ എന്നുവേണ്ട, സമസ‌്തമേഖലയിലുള്ളവര്‍ ഇത്തരം തട്ടിപ്പുസംഘങ്ങളുടെ വലയില്‍ വീഴുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പാന്‍ കാര്‍ഡ് പുതുക്കാനെന്ന പേരിലുള്ള തട്ടിപ്പാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ‘ട്രെന്‍ഡ് ‘. പാന്‍ കാര്‍ഡ് പുതുക്കാനായി ഫോണുകളില്‍ അയച്ചു നില്‍കുന്ന ലിങ്കിന്റെ പേരിലാണ് പണം തട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ കോട്ടയത്ത് മാത്രം എട്ട് പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്.
രണ്ടാഴ്‌ച മുമ്ബാണ് ജില്ലയില്‍ ആദ്യമായി സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ലിങ്ക് അയച്ച് പണം തട്ടിയെടുക്കുന്നതിനെപ്പറ്റി സൂചന ലഭിച്ചത്. ഫോണില്‍ എസ്.എം. എസ് ആയി ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായതായി ചൂണ്ടിക്കാട്ടി പ്രവാസി മലയാളിയാണ് ആദ്യമായി പരാതി നല്‍കിയത്.
ഈ പരാതി സൈബര്‍ സെല്ലിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി.