കനത്ത മഴയെ തുടര്‍ന്ന് കേരള ഷോളയാര്‍ ഡാം ഇന്ന് രാവിലെ പത്തു മണിയോടെ തുറക്കുന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദേശ പ്രകാരം ക്യാംപുകളിലേയ്ക്ക് ഉടന്‍ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.
കേരള ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. പറമ്ബിക്കുളത്ത് നിന്നും നിലവില്‍ ചാലക്കുടി പുഴയില്‍ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയര്‍ത്തും. വാല്‍പ്പാറ, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.