Breaking News

ഇടുക്കി ഡാമിന്‍റെ സമ്മര്‍ദ്ദമുണ്ടാകുന്ന കൂട്ടിക്കല്‍ ഗാഡ്‌ഗില്‍ മുന്നറിയിപ്പ് നല്‍കിയ സ്ഥലം, ചെറിയ ഉരുള്‍പൊട്ടലുകള്‍ കാര്യമാക്കാതെ ഇവിടെ പ്രകൃതിയെ തുരന്നത് അരഡസനിലേറെ പാറമടകള്‍

ഉരുള്‍പൊട്ടലില്‍ 13 പേരുടെ മരണത്തിനും വന്‍ നാശത്തിനും വഴിയൊരുക്കിയ ദുരന്തഭൂമിയായ കൂട്ടിക്കലില്‍ പരിസ്ഥിതി ലോല പ്രദേശമായിട്ടും അരഡസനിലേറെ പാറമടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൊടുങ്ങ, പൂവഞ്ചി, വല്യന്ത, വേലനിലം തുടങ്ങിയ പ്രദേശളിലാണ് ഇവ കൂടുതലും. ഇതില്‍ കൊടുങ്ങ, പൂവഞ്ചി പാറമടയിലും ഉരുള്‍പൊട്ടലുണ്ടായി.

മഴക്കാലത്ത് ചെറുതും വലുതുമായ പത്ത് ഉരുള്‍ പൊട്ടല്‍ വരെ പാറമടകളാല്‍ സമ്ബന്നമായ കൂട്ടിക്കല്‍ പ്രദേശത്ത് ഉണ്ടാകാറുണ്ട്. 400 ഓളം കുടുംബങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ളത്. അനുവദനീയമായ അളവില്‍ കൂടുതല്‍ സ്‌പോടനം നടത്തുന്ന കൊടുങ്ങയിലെ പാറമട നാട്ടുകാരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പാറമടക്കെതിരെ നേരത്തേ ജനകീയ സമരം ശക്തമായിരുന്നു.

പിന്നീട് ശോഷിച്ചു. പാറപൊട്ടിക്കലില്‍ വീടും പരിസരവും സദാ കുലുങ്ങി കേടുപാട് സംഭവിച്ചതോടെ ഒരോരുത്തരായി സ്ഥലം വിറ്റു പോയി. ശേഷിച്ചവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ സമരം തുടങ്ങിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല. പാറമടകളുടെ പ്രവര്‍ത്തനമാകട്ടെ തുടരുകയുമാണ്.

വാഗമണ്‍ മൊട്ടക്കുന്നുകളില്‍ അതീവ ജൈവ വൈവിദ്ധ്യ പ്രദേശമായി സംരക്ഷിക്കണമെന്ന് ജൈവവൈവിദ്ധ്യ ബോര്‍ഡ് നിര്‍ദ്ദേശിച്ചിടത്താണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനവുമാണിവിടം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഖനനനിരോധന മേഖലയുമാണ്.

ഇടുക്കി ഡാമിന്റെ സമ്മര്‍ദ്ദം ഉണ്ടാകുന്ന സ്ഥലമാണ് ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെയുള്ള പ്രദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാപ്പില്‍ അതീവ മണ്ണിടിച്ചില്‍ പ്രദേശമെന്ന നിലയില്‍ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ രേഖപ്പെടുത്തിയവയാണ് ഇതെല്ലാം. എന്നിട്ടും ഭൂമി ഇളക്കി കുന്നുകള്‍ തുരന്ന് പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ത്ത് ഉരുള്‍പൊട്ടലിന് വഴിയൊരുക്കി അനധികൃത പാറമടകള്‍ പ്രവര്‍ത്തിക്കുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …