മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് 200 തിയറ്ററുകൾ റിലീസിന് നൽകാമെന്നു പറഞ്ഞ തിയറ്ററുകാർ ഇപ്പോൾ 86 എണ്ണം മാത്രമാണ് കൊടുക്കാൻ തയാറാകുന്നതെന്നും അതുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ ഒടിടി റിലീസിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും നിർമാതാക്കളുടെ സംഘടന.
എന്നാൽ, വാക്കു മാറ്റിയത് തിയറ്റർ ഉടമകളാണെന്നും അതെങ്ങനെ ആന്റണി പെരുമ്പാവൂരിന്റെ കുറ്റമാകുമെന്നും വാർത്താസമ്മേളനത്തിൽ അവർ ചോദിച്ചു. ഒടിടിയിൽ സിനിമ റിലീസ് ചെയ്താൽ വാങ്ങിച്ച പണം തിരികെ കൊടുക്കാൻ ആന്റണി തയ്യാറാണെന്നും പണം വച്ച് വില പേശുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.
ആന്റണിയുടെ 38 സിനിമകളിൽ നിന്നുള്ള ലാഭം തിയറ്ററുകാർക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പൂർണമായി പിന്തുണയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ‘ആദ്യം വാക്ക് മാറ്റിയത് തിയറ്ററുകാരാണ്. 200 തിയറ്റർ കൊടുക്കാമെന്നു പറഞ്ഞിട്ട് ഒടുവിൽ 86 എണ്ണം മാത്രമാണ് കരാറാക്കിയത്. അത് ആന്റണി പെരുമ്പാവൂരിന്റെ കുറ്റമല്ല.
മറ്റുള്ള സിനിമകൾ ഒടിടിയിൽ പോകുന്നതിൽ ആർക്കും പ്രശ്നമില്ലേ. ഈ സിനിമ ഒടിടി പോയാൽ അതു വിവാദമാക്കേണ്ട കാര്യം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ സിനിമ വർഷങ്ങൾ കഴിഞ്ഞ് റിലീസ് ചെയ്താൽ മതിയെന്നാണോ എല്ലാവരുടെയും ആഗ്രഹം. തിയറ്റർ റിലീസിനു വേണ്ടി കാത്തിരുന്നയാളാണ് അദ്ദേഹം.’ നിർമാതാക്കൾ പറഞ്ഞു.