ലാറ്റിനമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി അര്‍ജന്‍റീന മാറി. ഇന്ന് പുലര്‍ച്ചെ ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ നടന്ന യോഗ്യത റൗണ്ട് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. എന്നാല്‍ ചിലെ ഇക്വഡോറിനോട് രണ്ടുഗോളിന് തോറ്റതോടെ അര്‍ജന്‍റീനക്ക് യോഗ്യത ഉറപ്പിക്കാനായി. ഇതോടെ ഇക്വഡോര്‍ ലോകകപ്പ് യോഗ്യതക്ക് ഒരുപടികൂടി അടുത്തു.
ഇത് തുടര്‍ച്ചയായി 13ാം തവണയാണ് അര്‍ജന്‍റീന ലോകകപ്പ് ബെര്‍ത്തുറപ്പിക്കുന്നത്. 1970-ല്‍ മെക്‌സിക്കോയില്‍ നടന്ന ഫൈനല്‍ റൗണ്ടിലായിരുന്നു അര്‍ജന്‍റീനക്ക് ഇടംപിടിക്കാനാകാതെ പോയത്. പോയിന്‍റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ വന്‍കര പ്ലേഓഫ് കളിച്ച് വേണം ഖത്തറിലേക്ക് ടിക്കറ്റുറപ്പിക്കാന്‍. 13 മത്സരങ്ങളില്‍ നിന്ന് 35 പോയിന്‍റുമായി ബ്രസീലാണ് മേഖലയില്‍ ഒന്നാമത്.
29 പോയിന്‍റുമായി അര്‍ജന്‍റീന രണ്ടാമതാണ്. 14മത്സരങ്ങളില്‍ നിന്ന് 23പോയിന്‍റുമായി ഇക്വഡോര്‍ മൂന്നാം സ്ഥാനത്തും 14 മത്സരങ്ങളില്‍ നിന്ന് 17 പോയിന്‍റുമായി കൊളംബിയ നാലാം സ്ഥാനത്തുമാണ്. 17 പോയിന്‍റുമായി പെറു അഞ്ചാം സ്ഥാനത്തുണ്ട്. നാലു മത്സരങ്ങള്‍ ശേഷിക്കേയാണ് അര്‍ജന്‍റീന യോഗ്യത സ്വന്തമാക്കിയത്. തുടര്‍ച്ചയായി 27ാം മത്സരമാണ് അര്‍ജന്‍റീന അപരാജിതരായി പൂര്‍ത്തിയാക്കിയത്.
സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ അര്‍ജന്‍റീനക്കെതിരെ ഇറങ്ങിയത്. തുടയെല്ലിന് പരിക്കേറ്റതിനാലാണ് നെയ്മര്‍ മത്സരത്തില്‍ നിന്ന് വിട്ടു നിന്നത്. അര്‍ജന്‍റീനയുടെ പൗളോ ഡിബാലയും കളിച്ചില്ല. അവസാന നിമിഷങ്ങളില്‍ ഗോളിനായി ലയണല്‍ മെസി കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. 41 ഫൗളുകളാണ് കളിയിലുണ്ടായത്. ഏഴ് മഞ്ഞക്കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടിവന്നു.