അനുപമയുടെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്ന സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ നേര്‍ക്കുനേര്‍ നിന്ന് ചോദിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ദത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണം. കോടതിയും പൊലീസ് സ്റ്റേഷനും ശിശുക്ഷേമ സമിതിയുമെല്ലാം പാര്‍ട്ടിയാണെന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും സതീശന്‍ കുറ്റപ്പെടുത്തി.
അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതിന് പിന്നില്‍ ദുരൂഹമായ ഗൂഢാലോചനയാണ് നടന്നത്. അനുപമയുടെതാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആന്ധ്ര ദമ്ബതികള്‍ക്ക് കുഞ്ഞിനെ കൈമാറി. മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും മന്ത്രിമാരും അറിഞ്ഞുകൊണ്ടു നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയത്. ഇത് ശരിയായ മനുഷ്യക്കടത്താണെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.