Breaking News

ദൈവത്തിന്റെ കൈ : വാതില്‍ ചവിട്ടി പൊളിച്ച്‌ അകത്ത് കടന്നപ്പോള്‍ കുഞ്ഞിന്റെ കണ്ണ് അനങ്ങുന്നത് കണ്ടു; പാലക്കാട് അമ്മ കെട്ടിത്തൂക്കിയ രണ്ടരവയസ്സുകാരന് ജീവന്‍ മടക്കി നല്‍കിയത് പോലീസുകാരന്റെ ഇടപെടല്‍…

അമ്മ കെട്ടിത്തൂക്കിയ രണ്ടരവയസ്സുകാരന് ജീവന്‍ മടക്കി കിട്ടിയത് ഈ കൈകളിലൂടെയാണ്. മുണ്ടൂര്‍ ഔട്ട്‌പോസ്റ്റില്‍ ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥനായ നാട്ടുകല്‍ പാലോട് സി.പ്രജോഷാണ് നഷ്ടപ്പെടുമായിരുന്ന ജീവനെ താങ്ങി നിര്‍ത്തിയത്. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് കുട്ടിയെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തത്. ഡിസംബര്‍ 13 നാണ് സംഭവം.

നാട്ടുകല്‍ പാലോട് സ്വദേശിയായ പ്രജോഷ് കുഞ്ഞിന്റെ 28 ചടങ്ങില്‍ പങ്കെടുക്കാനായാണ് തിങ്കളാഴ്ച കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടിലെത്തുന്നത്. പ്രജോഷിനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഭാര്യവീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ജയന്തിയും രണ്ടരവയസ്സുള്ള അവരുടെ മകനും അന്ന് നടന്ന ചടങ്ങില്‍ പങ്കെടുത്തതായും പ്രജോഷ് പറഞ്ഞു. അവന്‍ അന്ന് മുറ്റത്തൊക്കെ ഓടിക്കളിക്കുന്നത് കണ്ടതാണ്.

ഞങ്ങളുടെകൂടെയാണ് അവരും ഭക്ഷണം കഴിച്ചത്. ചടങ്ങ് കഴിഞ്ഞ് എന്റെ മൂത്തമകള്‍ എന്നോടൊപ്പം വരണമെന്ന് വാശിപിടിച്ചു. അങ്ങനെ മൂന്നര വയസ്സുള്ള അവളെയും കൂട്ടി എന്റെ വീട്ടിലേക്ക് പോന്നു. വൈകിട്ട് മകളെ തിരികെ ഭാര്യവീട്ടില്‍ കൊണ്ടുവിടാനാണ് വീണ്ടും കുറ്റാനശ്ശേരിയിലേക്ക് പോയത്. അവിടെയെത്തി ചായ കുടിച്ച്‌ വിശ്രമിക്കുന്നതിനിടെയാണ് ഈ സംഭവങ്ങളുണ്ടായത്’.

ജയന്തി വാതില്‍ തുറക്കുന്നില്ലെന്ന് ഭാര്യയുടെ അമ്മയാണ് വന്നുപറഞ്ഞത്. കേട്ടപാടെ അവിടേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ജയന്തിയുടെ ഭര്‍തൃമാതാവ് വീടിന് ചുറ്റും നിലവിളിച്ച്‌ കൊണ്ട് ഓടുന്നതാണ് കണ്ടത്. വീടിന്റെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടനിലയിലായിരുന്നു. മുട്ടിവിളിച്ചിട്ടൊന്നും പ്രതികരണമുണ്ടായിരുന്നില്ല. അയല്‍ക്കാര്‍ ജയന്തിയുടെ മൊബൈല്‍ഫോണിലേക്ക് വിളിച്ചപ്പോള്‍ വീടിനകത്തുനിന്ന് ഫോണ്‍ റിങ് ചെയ്യുന്നത് കേട്ടു.

ഇതിനിടെ ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷും സ്ഥലത്തെത്തി. ഏറെനേരമായിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പന്തികേട് തോന്നി. തുടര്‍ന്ന് പ്രജോഷ് വാതില്‍ ചവിട്ടിപ്പൊളിച്ച്‌ വീടിനകത്ത് കയറിയപ്പോളാണ് ജയന്തിയെയും കുഞ്ഞിനെയും തൂങ്ങിയനിലയില്‍ കണ്ടത്. എന്നാല്‍ കുഞ്ഞിന് അനക്കമുണ്ടെന്ന് കണ്ടതോടെ കെട്ടഴിച്ച്‌ താഴെയിറക്കുകയും കൃത്രിമശ്വാസം നല്‍കി അപകടനില ഒഴിവാക്കുകയുമായിരുന്നു.

മുപ്പത് സെക്കന്റ് കഴിഞ്ഞ് വീണ്ടും കൃത്രിമശ്വാസം നല്‍കാമെന്ന് കരുതി ഇരിക്കുന്നതിനിടെ കുഞ്ഞ് കരയാന്‍ തുടങ്ങി. അതോടെ എല്ലാം ഓകെയാണെന്ന് മനസിലായി. വെള്ളം വേണോയെന്ന് ചോദിച്ചപ്പോള്‍ വേണമെന്ന് പറയുകയും വെള്ളം വാങ്ങികുടിക്കുകയും ചെയ്തു. ഉടന്‍തന്നെ വാഹനത്തില്‍ ആശുപത്രിയിലേക്ക്

കൊണ്ടുപോവുകയായിരുന്നു സര്‍വീസില്‍ കയറി ആറുവര്‍ഷമായിട്ടും ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തിന് ദൃക്‌സാക്ഷിയാകുന്നതെന്ന് പ്രജോഷ് പറഞ്ഞു . നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രണ്ടരവയസ്സുകാരന്‍

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …