ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കുവൈത്തി യുവതിക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കുവൈത്ത് സുപ്രീംകോടതി. നീതികരിക്കാത്തതായിരുന്നു ഇവരുടെ അറസ്റ്റ് എന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തോടാണ് യുവതിക്ക് 4000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്.
ഒന്‍പത് വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് യുവതിക്ക് അനുകൂലമായ വിധി ഉണ്ടാകുന്നത്. 2012 ലാണ് യുവതി ജീന്‍സും ടീഷര്‍ട്ടും ധരിച്ചെന്ന പേരില്‍ അറസ്റ്റിലായത്. അറസ്റ്റിനെതിരെ യുവതി 12000 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
വിഷയത്തില്‍ യുവതിക്ക് 3000 ദിനാര്‍ നഷ്ടപരിഹാരം കീഴ്കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് അപ്പീല്‍ കോടതി ഇത് 8000 ദിനാറായി ഉയര്‍ത്തിയിരുന്നു. കീഴ്കോടതി ഉത്തരവിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നല്കിയ അപ്പീലില്‍ നഷ്ടപരിഹാരം 4000 ദിനാറായി സുപ്രീംകോടതി നിജപ്പെടുത്തുകയായിരുന്നു.