നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ പരാമര്‍ശിച്ച വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശി രംഗത്ത്. വ്യവസായിയായ മെഹബൂബ് ആണ് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്. ദേ പുട്ടിന്റെ ഖത്തറിലെ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും മെഹബൂബ് പറഞ്ഞു. വീട്ടില്‍ നടി കാവ്യ മാധവനും അച്ഛനും അമ്മയും ഉണ്ടായിരുന്നു.
ദിലീപിന്റെ സഹോദരന് അനൂപിനയോ സഹോദരി ഭര്‍ത്താവിനെയോ അറിയില്ല. ഇക്കാ എന്നാണ് ദിലീപ് തന്നെ വിളിക്കുന്നതെന്നും മെഹബൂബ് വ്യക്തമാക്കി. ബാലചന്ദ്രകുമാറിനെ കണ്ടിട്ടില്ല. അയാള്‍ ആരാണെന്ന് പോലും അറിയില്ല. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തന്നെ വിളിച്ചിട്ടില്ല. നുണപരിശോധനയോ ശബ്ദപരിശോധനയോ പോലുള്ള എന്ത് അന്വേഷണത്തോട് വേണമെങ്കിലും സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മന്ത്രിയുമായും അടുത്ത ബന്ധമില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് തന്നോട് ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല. മാന്യമായ രീതിയിലാണ് ദിലീപ് പെരുമാറിയത്. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രചരിക്കുന്നതായി സുഹൃത്തുക്കളാണ് അറിയിച്ചത്. അതിനാലാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയതെന്നും മെഹബൂബ് പറഞ്ഞു.