ഭർത്താവുമായി അകന്നുകഴിയുന്ന തിരുവാർപ്പ് ചെങ്ങളത്തെ യുവതിയുടെ വീട്ടിലെത്തിയ ആൺസുഹൃത്തിനേയും യുവതിയേയും തടഞ്ഞുവെച്ച് നാട്ടുകാർ. ഇരുവരേയും തടഞ്ഞുനിർത്തി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പ്രായപൂർത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്നു കേസൊന്നും എടുക്കാതെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നാലു വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെയാണ് നാട്ടുകാർ തടഞ്ഞത്. ഇവരുടെ വീട്ടിൽ സ്ഥിരമായി ആളുകൾ എത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. ശനിയാഴ്ച രാത്രി നാട്ടുകാർ സദാചാര പോലീസ് ചമഞ്ഞ് യുവതിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും ഇവിടെ രാത്രിയെത്തിയ യുവാവിനെ തടഞ്ഞു വയ്ക്കുകയുമായിരുന്നു.
പിന്നീട് കുമരകം പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും കേസെടുക്കാനാകാതെ തിരിച്ചയച്ചു. യുവതിയുടെ ഭർത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിർദേശം അനുസരിച്ചാണ് ഇരുവരെയും പിടികൂടിയതെന്നാണ് നാട്ടുകാർ പോലീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, ഭർത്താവുമായി ചേർന്ന് താമസിക്കാൻ താൽപര്യമില്ലെന്നാണ് യുവതി പോലീസിനെ അറിയിച്ചിരിക്കുന്നത്.