തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ. സ്ത്രീവിരുദ്ധ പരാമർശത്തിനു പിന്നാലെ താരത്തിനെതിരെ കനത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തത്. ജിങ്കൻ്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം തൻ്റെ പഴയ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ജിങ്കൻ വിവാദ പരാമർശം നടത്തിയത്. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കൻ്റെ പരാമർശം.
സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ജിങ്കൻ രംഗത്തെത്തി. തൻ്റെ പ്രസ്താവനയിലൂടെ ബ്ലാസ്റ്റേഴ്സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചതല്ലെന്നും ആ സമയത്ത് പറഞ്ഞുപോയതാണെന്നും ജിങ്കൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാണ്. തനിക്ക് ഭാര്യയും സഹോദരിയും അമ്മയുമൊക്കെയുണ്ട്.
വനിതാ ഫുട്ബോൾ ടീമിനെ പിന്തുണക്കുന്നയാളാണ് താൻ. മത്സരത്തിനു ശേഷം ടീം അംഗങ്ങളുമായി തർക്കിക്കുന്നതാണ് നിങ്ങൾ കേട്ടത്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ജിങ്കൻ കുറിച്ചു. വിവാദങ്ങൾക്കു പിന്നാലെ രണ്ട് ദിവസങ്ങൾ കൊണ്ട് അയ്യായിരത്തോളം ഫോളോവേഴ്സിനെയാണ് ഇൻസ്റ്റഗ്രാമിൽ ജിങ്കനു നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബും താരത്തെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു.
ക്ലബ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു ജിങ്കൻ. അതുകൊണ്ട് താരത്തിൻ്റെ ഒരു കൂറ്റൻ ടിഫോ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഗാലറിയിൽ ഉയർത്താറുണ്ടായിരുന്നു. എന്നാൽ, ഈ ടിഫോ കഴിഞ്ഞ ദിവസം ആരാധകർ കത്തിച്ചു.