Breaking News

യാത്രക്കാര്‍ കൂടിയപ്പോള്‍ ബസ് ‘മോഹന്‍ലാലായി’; നാട്ടുകാരുടെ പരാതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി

തിങ്ങി നിറഞ്ഞ യാത്രക്കാരുമായി റോഡിലൂടെ ചെരിഞ്ഞ് ഓടിയ കെ.എസ്.ആര്‍.ടി.സി ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കൈയ്യോടെ പൊക്കി. നിറയെ യാത്രക്കാരുമായി ചെരിഞ്ഞ് ഓടുന്ന ബസ് കണ്ട നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. യാത്രക്കാരെ ഇറക്കിയ ശേഷം അറ്റകുറ്റപ്പണിക്കായി ബസ് കൊണ്ടുപോകണമെന്നായിരുന്നു എം.വി.ഡിയുടെ നിര്‍ദേശം. എന്നാല്‍ അറ്റകുറ്റപ്പണിക്ക് അയച്ച ബസില്‍ വീണ്ടും യാത്രക്കാരെ കയറ്റിയെന്നും പരാതിയുണ്ട്. ഇന്നലെ രാവിലെ എം.സി റോഡിലാണ് സംഭവം നടന്നത്.

കുത്താട്ടുകുളം ഡിപ്പോയിലെ ബസാണ് വിദ്യാര്‍ത്ഥികളടക്കം നിറയെ ആളുകളുമായി ചെരിഞ്ഞ് ഓടിയത്. കോട്ടയത്തു നിന്നു രാവിലെ പുറപ്പെട്ട ആര്‍എസി 396 നമ്ബര്‍ ബസ് കാണക്കാരി, വെമ്ബള്ളി വഴി കുറവിലങ്ങാട് ഭാഗത്ത് എത്തിയപ്പോള്‍ തന്നെ യാത്രക്കാരാല്‍ നിറഞ്ഞിരുന്നു. അമിതഭാരം മൂലം ബസ് ചെരിഞ്ഞാണ് യാത്ര ചെയ്തത്. തുടര്‍ന്ന് കുറവിലങ്ങാട് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മോട്ടര്‍ വാഹന വകുപ്പിനെ വിവരം അറിയിച്ചു.

ഉടന്‍ തന്നെ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം എത്തി പരിശോധിച്ചു. ബസിന്റെ ലീഫിനു ഗുണനിലവാരമില്ലെന്നും സര്‍വീസ് നടത്താന്‍ യോഗ്യമല്ലെന്നും കണ്ടെത്തി. കുറവിലങ്ങാട് മുതല്‍ കുര്യനാട് വരെ ബസിനെ അനുഗമിച്ച മോട്ടര്‍ വാഹന വകുപ്പ് സംഘം കുര്യനാട്ടില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളെയും ബസില്‍ നിന്ന് ഇറക്കി. പിന്നീട് യാത്ര തുടര്‍ന്നപ്പോഴും ബസിന്റെ ചെരിവു മാറിയില്ല.

തുടര്‍ന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ കൂത്താട്ടുകുളം ഡിപ്പോയില്‍ വിവരം അറിയിച്ചു. അറ്റകുറ്റപ്പണി നടത്തിയ ശേഷമേ സര്‍വീസ് നടത്താവൂവെന്നു നിര്‍ദേശിച്ചു. പക്ഷേ കൂത്താട്ടുകുളം ഡിപ്പോയില്‍ എത്തിയ ബസ് അറ്റകുറ്റപ്പണി നടത്താന്‍ മൂവാറ്റുപുഴ ഡിപ്പോയിലേക്കു കൊണ്ടുപോയപ്പോഴും യാത്രക്കാരെ കയറ്റി. ഒരാഴ്ചയായി ബസ് ചെരിഞ്ഞ് ഓടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …