Breaking News

മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി ഭാരവാഹികൾ…

മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി കലാകാരന് ക്ഷേത്രത്തിൽ വിലക്ക്. കണ്ണൂർ കരിവെള്ളൂരിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കർക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ വിലക്ക് ഏർപ്പെടുത്തിയത്. പൂരക്കളിയുടെയും മറുത്ത് കളിയുടെയും ഈറ്റില്ലമായ കരിവെള്ളൂരിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കർ.

പ്രദേശത്തെ ക്ഷേത്രങ്ങളിൽ പൂരോത്സവത്തിനായി നാലും അഞ്ചും വർഷം മുൻപേ സമുദായക്കാർ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂർ സോമേശ്വരി ക്ഷേത്രത്തിലും കുനിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂര കളിക്കും മറത്ത് കളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു. ഇതിന് ശേഷമാണ് വിനോദിന്റെ മകൻ മുസ്‌ലിം പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതോടെയാണ് പണിക്കർക്ക് ക്ഷേത്ര ഭാരവാഹികൾ വിലക്ക് ഏർപ്പെടുത്തിയത്.

ഇതരമതത്തിൽപെട്ട പെൺകുട്ടി താമസിക്കുന്ന വീട്ടിൽ നിന്നും ചടങ്ങുകൾക്കായി വിനോദിനെ കൂട്ടി പോകാൻ കഴിയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിലപാട്. മകന്റെ ഭാര്യയെ വീട്ടിൽ നിന്നും മാറ്റി നിർത്തിയാൽ ചടങ്ങിന് പങ്കെടുപ്പിക്കാമെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യവസ്ഥ വെച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. പൂര കളിയും മറുത്ത് കളിയും നിലച്ചതോടെ വിനോദിന്റെ ഏക വരുമാന മാർഗവും അടഞ്ഞിരിക്കുകയാണ്.

സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ഇവിടെ വിഷയം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും വിനോദ് പറയുന്നു. ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരായ നിരവധി സമരങ്ങളുടെ ചരിത്രം ഉറങ്ങുന്ന കരിവെള്ളൂരിൽ ഈ വിലക്ക് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …