മലയാള മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. ഇന്ന് ടാറ്റൂ വിവാദത്തിൽ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് സാധിക. ടാറ്റൂവിനോട് പ്രത്യേക ഇഷ്ടമുള്ള നടിയാണ് സാധിക. അതുകൊണ്ട് തന്നെ സാധിക ചെയ്യാത്ത ടാറ്റൂവും ഉണ്ടാവില്ല. ഈ സാഹചര്യത്തിലാണ് നടി അഭിപ്രായം രേഖപ്പെടുത്തിയത്.
നിരവധി യുവതികളുടെ പരാതിയെത്തുടർന്ന് സെലിബ്രിറ്റി ടാറ്റു ആർട്ടിസ്റ്റ് സുജീഷ് അടുത്തിടെ ലൈംഗികാരോപണം നേരിട്ടതോടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. ടാറ്റു ചെയ്യുന്നത് ഒരിക്കലും തെറ്റല്ലെന്നാണ് സാധിക പറയുന്നത്. ടാറ്റു ചെയ്യുന്നതിനെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവബോധം വേണം എന്നാണ് തോന്നിയിട്ടുള്ളതെന്ന് നടി കൂട്ടിച്ചേർത്തു.
സാധികയുടെ വാക്കുകൾ ഇങ്ങനെ;
ടാറ്റു ചെയ്യുന്നതിനെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവബോധം വേണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രധാനമായും ടാറ്റു ചെയ്യുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ തീർച്ചായും ശ്രദ്ധിയ്ക്കണം. ഒന്ന്, ഏത് ഡിസൈൻ ആണ് നിങ്ങൾക്ക് ചെയ്യേണ്ടത്, നിങ്ങളുടെ ശരീരത്തിൽ എവിടെയാണ് ടാറ്റു ചെയ്യേണ്ടത്, മൂന്ന് ആരാണ് ചെയ്യേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കണം.
ചെയ്യുന്ന ആ ഡിസൈൻ നിങ്ങൾക്ക് ഇണങ്ങും എന്ന് ഉറപ്പ് വരുത്തണം. എല്ലാത്തിനും അപ്പുറം ടാറ്റു ചെയ്യുന്ന ആളെയും ആ സ്ഥാപനവും നന്നായി മനസ്സിലാക്കണം. അതിന് വേണ്ടി, ടാറ്റു ചെയ്യുന്നതിന് മുൻപ് അവിടം സന്ദർശിക്കുന്നത് വളരെ നല്ലതാണ്. ടാറ്റു ചെയ്തതിന്റെ പേരിൽ ഇരയെ വിമർശിക്കുന്നത് നിർത്തണം.
സ്ത്രീകൾ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല. പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കണം. നിങ്ങൾക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ചെയ്യാൻ അനുവദിക്കാൻ പാടുള്ളൂ.
പീഡന അനുഭവങ്ങൾ സ്ത്രീകൾ തുറന്ന് പറയുന്നതിലും പ്രതികരിക്കുന്നതിലും സന്തോഷം ഉണ്ട്. അത്തരം അവസ്ഥകളെ കുറിച്ച് സ്ത്രീകൾ തുറന്ന് പറയണം. തെറ്റായ രീതിയിൽ നിങ്ങളുടെ ശരീരത്തിൽ തൊടാൻ ആർക്കും അവകാശം ഇല്ല. അതുകൊണ്ട് പ്രതികരിക്കുന്നതിൽ മടിച്ചു നിൽക്കേണ്ടതില്ല. ഒരാളുടെ പ്രതികരണം, തുറന്ന് പറച്ചിലുകൾ ഒരുപാട് ഇരകളെ ഇല്ലാതാക്കാൻ സഹായിക്കും.