ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. അതിവേഗ പന്തുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന അക്തര്‍ എല്ലാ ബാറ്റ്സ്മാന്മാരുടെയും പേടി സ്വപ്നമായിരുന്നു. ചിരവൈരികളായ ഇന്ത്യക്കെതിരേ മത്സരത്തിനെത്തിയപ്പോഴെല്ലാം അക്തര്‍ വലിയ വെല്ലുവിളി ഉയര്‍ത്തി പാകിസ്താന്റെ മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. കളിച്ചിരുന്ന കാലത്ത് അക്തര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് തന്നെ പറയാം.
സച്ചിന് ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെയെല്ലാം അക്തര്‍ പന്തെറിഞ്ഞപ്പോഴുള്ള നിമിഷങ്ങളെല്ലാം വളരെ വാശിയേറിയതായിരുന്നു. ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും മടിയില്ലാതിരുന്ന അക്തര്‍ ഗൗതം ഗംഭീര്‍, ഹര്ഭജന് സിങ്, സെവാഗ് എന്നിവരുമായെല്ലാം കൊമ്ബുകോര്ത്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ മികച്ച റെക്കോഡുള്ള അക്തര്‍ ഇപ്പോള്‍ തന്നെ ഒട്ടും ഭയമില്ലാതിരുന്ന ഇന്ത്യന്‍ താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ താരങ്ങളിലെ പ്രമുഖരെല്ലാം തന്നെ കണ്ട് ഭയപ്പെടാതിരുന്നപ്പോഴും അവന് സിക്സര്‍ നേടുമായിരുന്നുവെന്നാണ് അക്തര്‍ പറഞ്ഞത്. ‘സച്ചിന് ടെണ്ടുല്‍ക്കറടക്കം എന്നെ നേരിടാന്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ വാലറ്റത്തിറങ്ങുന്ന ലക്ഷ്മിപതി ബാലാജി എന്നെ ഭയമില്ലാതെ എന്നെ നേരിട്ടു. സിക്സുകള്‍ പറത്തി. എന്നെ അവന് ഒട്ടും ഭയമില്ലായിരുന്നു’ – അക്തര്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു. ഹര്ഭജന് സിങ്ങും എല്‍ ബാലാജിയും പങ്കെടുത്ത ഷോയിലാണ് അക്തറിന്റെ തുറന്ന് പറച്ചില്.