Breaking News

കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച് മുൻപ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആവർത്തിക്കുന്നത്. ജയിലിൽ നിന്നിറങ്ങിയ രേഷ്മയെ ബിജെപി കൗൺസിലർ സ്വീകരിച്ചത് ജനപ്രതിനിധിയെന്ന നിലയിലാകും. ഇതിനെപ്പറ്റി അന്വേഷിക്കുമെന്നും ഹരിദാസ് പറഞ്ഞു.

തനിക്കെതിരെ സൈബർ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് എം വി ജയരാജനും കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. എം വി ജയരാജൻ അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. സി പി ഐ എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയിൽ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെയാണ് രേഷ്മയ്ക്കെതിരെ സൈബർ ആക്രമണമുണ്ടായത്.

സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അപമാനിക്കുകയാണെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.

ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിജിൽദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …