Breaking News

ആ കോടികളുടെ കണക്ക് വ്യാജം: ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് 17,315 രൂപ മാത്രം…

മലമ്പുഴയിലെ കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ഇരുപത്തിമൂന്നുകാരനായ ബാബുവിനെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവായെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജം. പൊതു ഫണ്ടില്‍ നിന്ന് ചെലവായത് 17,315 രൂപ മാത്രമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്ന് കലക്ടര്‍ അറിയിച്ചു. വിവരാവകാശപ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് നല്‍കിയ മറുപടിയില്‍ കളക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാബുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. തിരിച്ചിറങ്ങവേ കാല്‍വഴുതി മലയിടുക്കില്‍ വീഴുകയായിരുന്നു. ഒരാള്‍ക്ക് വേണ്ടി നടത്തിയ കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു ബാബുവിന് വേണ്ടി നടത്തിയത്.

ആര്‍മി, നേവി, പോലീസ് എല്ലാവരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു ബാബുവിന് വേണ്ടി നടത്തിയത്. അതേസമയം, മുക്കാല്‍ കോടിയോളം രൂപയാണ് ചെലവായതെന്നായിരുന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട പ്രാഥമിക കണക്ക്. പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ കരസേനയുടെ രക്ഷാദൗത്യ സംഘത്തെ വരെ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്ത നിവാരണ അതോറിറ്റിയും കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫും ഉള്‍പ്പെടെ രക്ഷാദൗത്യത്തിന് മുന്നിലുണ്ടായിരുന്നു.

അരക്കോടി രൂപയാണ് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത്. മലയിടുക്കില്‍ ബാബു കുടുങ്ങിയ ദിവസം തുടങ്ങിയ രക്ഷാപ്രവര്‍ത്തനം അവസാനിച്ചത് ബുധനാഴ്ചയാണ്. രക്ഷപ്പെടുത്തിയ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ബാബു വീട്ടിലെത്തിയപ്പോള്‍ മുക്കാല്‍ കോടിക്കടുത്ത് രൂപ ചെലവായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതെല്ലാമാണ് ഇപ്പോള്‍ വ്യാജമാണെന്ന് പുറത്തുവന്നിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …