ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ദുബൈ റെസ്റ്റ് ആപ്പ് വഴി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം.
കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍, പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്ബനികള്‍, ഡെവലപ്പര്‍മാര്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വ്യക്തിഗത വിവരങ്ങളും എമിറേറ്റ്സ് ഐ.ഡിയും ചേര്‍ക്കണം. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ വീണ്ടും അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. കരാര്‍ പുതുക്കുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യണം.
ദുബൈ റെസ്റ്റ് ആപ്പ് തുറന്ന ശേഷം ഇന്‍ഡിവിജ്വല്‍ എന്ന ഭാഗം തെരഞ്ഞെടുക്കണം. യു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഡാഷ്ബോര്‍ഡില്‍ നിങ്ങളുടെ വസ്തു എവിടെയാണെന്ന് തെരഞ്ഞെടുക്കാം. ‘ആഡ് മോര്’ എന്ന ഭാഗത്ത് എല്ലാവരുടെയും പേരും വിവരങ്ങളും രേഖകളും ചേര്‍ക്കാന്‍ സൗകര്യമുണ്ട്. കുടുംബമായി താമസിക്കുന്നവര്‍ കുടുംബാംഗങ്ങളുടെ പേര് വിവരങ്ങള്‍ ചേര്‍ക്കണം. പേര് ചേര്‍ത്തവരെ പിന്നീട് ഒഴിവാക്കാനും കഴിയും.