ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നു എന്ന പ്രതികരണവുമായി ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ പക്കലുണ്ടായിട്ടും അത് ഗ്യാരേജില്‍ ഇട്ടിരിക്കുന്ന അവസ്ഥയാണെന്ന് ലീ പറയുന്നു. മണിക്കൂറില്‍ 150 കിമീ വേഗതയില്‍ ഉമ്രാന്‍ മാലിക്ക് പന്തെറിയുന്നു.
ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കയ്യിലുണ്ടായിട്ടും അത് ഗ്യാരേജില്‍ ഇടാനാണെങ്കില്‍ പിന്നെ ആ കാര്‍ ഉണ്ടായിട്ടും എന്ത് കാര്യം എന്നാണ് ലീ ചോദിക്കുന്നത്. ഉമ്രാന്‍ മാലിക്കിനെ ഇന്ത്യന്‍ ലോകകപ്പ് സംഘത്തില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ടതായിരുന്നു, ഖലീജ് ടൈംസിന് നല്‍കി അഭിമുഖത്തിലാണ് ബ്രെറ്റ് ലീയുടെ പ്രതികരണം.
ഉമ്രാന്‍ ചെറുപ്പമാണ്. എന്നിട്ടും 150 എന്ന വേഗത കണ്ടെത്താനാവുന്നു. അതിനാല്‍ ഉമ്രാനെ ടീമില്‍ ഉള്‍പ്പെടുത്തണം. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളിലേക്ക് ഉമ്രാനെ കൊണ്ടുവരണം. 140 എന്ന വേഗതയില്‍ എറിയുന്ന താരവും 150 വേഗത കണ്ടെത്തുന്ന താരവും തമ്മില്‍ വ്യത്യാസമുണ്ട്.
ഉമ്രാന്‍ മാലിക്ക് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പ്ലാനുകളില്‍ ഉണ്ടായിരുന്നില്ല എന്നാണ് ടീമിന്റെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ട്വന്റി20 ലോകകപ്പിന് മുന്‍പായി നടന്ന പരമ്ബരകളില്‍ ഉമ്രാന് അവസരം നല്‍കിയിരുന്നില്ല. ഇതിനൊപ്പം വിസാ പ്രശ്‌നങ്ങളും ഉമ്രാന്‍ നേരിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.