പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്ക്കെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസ് എടുത്തത്. നെടുമങ്ങാട് പോലീസിന്റേതാണ് നടപടി. അപകടനില തരണം ചെയ്ത ഗ്രീഷ്മ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെയാണ് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്. പോലീസ് സ്റ്റേഷനിലെ ശുചി മുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ യുവതിയോട് പോലീസുകാര്‍ കാര്യം തിരക്കി. ഇതോടെ താന്‍ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ഗ്രീഷ്മ വ്യക്തമാക്കുകയായിരുന്നു.
ഇന്ന് ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ, ജയിലിലേക്കോ മാറ്റിയേക്കും. റിമാന്‍ഡിലായ ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പോലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കും. അതേസമയം സംഭവത്തില്‍ ഗ്രീഷ്മയുള്പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ, അമ്മാവന് എന്നിവരാണ് മറ്റ് പ്രതികള്‍. കൊലയ്ക്ക് പിന്നാലെ ഇരുവരും ചേര്‍ന്നാണ് തെളിവുകള്‍ നശിപ്പിച്ചത്. ഇതിലാണ് അറസ്റ്റ്.