ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി വിഷയത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഡോക്യുമെന്‍ററിയുടെ ലിങ്ക് ഷെയർ ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആധികാരിക രേഖ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മറുപടി നൽകാൻ കേന്ദ്രത്തിന് കോടതി മൂന്നാഴ്ചത്തെ സമയം നൽകി. കേസ് ഏപ്രിലിൽ കോടതി പരിഗണിക്കും.
ഡോക്യുമെന്‍ററി ലിങ്കുകൾ പങ്കിടുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രണ്ട് ഹർജികളാണ് കോടതിയിൽ സമർപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മോയിത്രയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സംയുക്തമായാണ് ഒരു ഹർജി സമർപ്പിച്ചത്. മറ്റൊരു ഹർജി സമർപ്പിച്ചത് അഡ്വക്കേറ്റ് എം.എൽ. ശർമ്മയാണ്. ജനുവരി 21 ന് ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ പരാമർശിക്കുന്ന യൂട്യൂബ് വീഡിയോകളും, ട്വിറ്റർ പോസ്റ്റുകളും തടയാൻ കേന്ദ്രം ഉത്തരവിട്ടിരുന്നു.