തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതി കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും സെസ് ചുമത്തുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്യത്തിന് സെസ് വർദ്ധിപ്പിക്കുന്നത് ഗുരുതരമാണ്. നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു.
വിലക്കയറ്റം ഉണ്ടാകുമ്പോൾ ആളുകൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തിരിയാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയും സതീശൻ മുന്നോട്ട് വച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കാതെയാണ് സെസ് ചുമത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവർത്തിക്കപ്പെടുകയാണുണ്ടായത്. ഒരു പഠനത്തിന്റേയും അടിസ്ഥാനമില്ലാതെയാണ് ബജറ്റിലെ നികുതി വർദ്ധനവെന്നും സതീശൻ ആരോപിച്ചു.