ദുബായ്: എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല (97) നിര്യാതനായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വത്തെയാണ് ഇപ്പോൾ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ മുതിർന്ന പൗരൻമാരിൽ ഒരാളെയാണ് നഷ്ട്ടപ്പെട്ടതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ആദ്യ മന്ത്രിസഭയിൽ കേന്ദ്ര- ഗൾഫ് കാര്യ സഹമന്ത്രിയായിരുന്നു അൽ മുല്ല. 1976 ൽ സ്ഥാപിതമായ ഇത്തിസലാത്ത് ടെലികോം കമ്പനിയുടെ ആദ്യ ചെയർമാനായി. വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ജനിച്ച ദുബായ് ക്രീക്കിന്‍റെ തീരത്തുള്ള ഷിന്ദഗയിലാണ് ഇദ്ദേഹം ജനിച്ചത്. യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷും അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രപിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെയും സഹോദരങ്ങളുടെയും ദർശനം സാക്ഷാത്കരിക്കാൻ അർപ്പണബോധത്തോടെയും വിശ്വസ്തതയോടെയും പ്രവർത്തിച്ച വിശ്വാസികളിൽ ഒരാളാണ് അദ്ദേഹം എന്നും അൻവർ ട്വിറ്ററിലെ അനുശോചന കുറിപ്പിൽ എഴുതി.
NEWS 22 TRUTH . EQUALITY . FRATERNITY