പാരീസ്: ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കിലിയൻ എംബാപ്പെയുടെ പരിക്ക് കനത്ത തിരിച്ചടിയായി. ഇടതു തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലബ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഫ്രഞ്ച് ലീഗിൽ മോണ്ട്പെലിയെറിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് കാരണം എംബാപ്പെയ്ക്ക് മത്സരം തുടരാനായില്ല. 21-ാം മിനിറ്റിൽ തന്നെ കളിയിൽ നിന്ന് പിൻമാറേണ്ടി വന്നു.
വിവിധ പരിശോധനകൾക്ക് ശേഷം എംബാപ്പെയ്ക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയതായും മൂന്നാഴ്ച വരെ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവരുമെന്നുമാണ് പിഎസ്ജി അറിയിച്ചത്. താരത്തിന്റെ അഭാവം പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ്. അതേ സമയം പരിക്കേറ്റ പ്രതിരോധതാരം സെര്‍ജിയോ റാമോസിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലബ്ബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.