കോഴിക്കോട് : ദേശീയതല അംഗീകാരത്തിന്റെ നിറവിൽ നരിക്കുനി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി സനത് സൂര്യ.
സർഗാത്മകതയുള്ളതും, ജനങ്ങൾക്ക് ഉപകാരപ്രദവുമായ ആശയങ്ങൾ അവതരിപ്പിക്കുന്ന, 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന ഇൻസ്പയർ മനാക് എന്ന നേട്ടമാണ് സനത് സൂര്യ സ്വന്തമാക്കിയത്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് സഹായമാകുന്ന അതിനൂതന അവതരണമായിരുന്നു സനതിന്റേത്.
ഒരേ സമയം ബെഡ് ആയും, വീൽ ചെയർ ആയും ഉപയോഗിക്കാൻ സാധിക്കുന്ന ഉപകരണത്തിൽ ടോയ്ലെറ്റ്, വാഷ്ബേസ് എന്നീ സൗകര്യങ്ങൾ ഉണ്ട്. സെൻസർ ഉപയോഗിച്ച് ഇവയെല്ലാം പ്രവർത്തിപ്പിക്കാമെന്നതാണ് ശ്രദ്ധേയം. കിടപ്പ് രോഗിയായ മുത്തശ്ശി ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടതാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് സനത് പറഞ്ഞു. സനതിന്റെ പിതാവ് സജീവ് ബിസിനസ് നടത്തുന്നു. അമ്മ പ്രബിത എൽ.പി. സ്കൂൾ അധ്യാപികയാണ്.