ഡാലസ്: പതിനേഴാം നൂറ്റാണ്ടിൽ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ട ഡോഡോ പക്ഷിയെ തിരികെ കൊണ്ടുവരാൻ ജീൻ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കൊളോസൽ ബയോസയൻസസ്. ഡാലസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ് ഡോഡോയുടെ ജനിതക ഘടനയെ പറ്റി പഠിച്ച് വരികയാണ്.
പക്ഷി ഇനത്തിൽപ്പെട്ടതാണെങ്കിലും ഡോഡോ പക്ഷികൾക്ക് പറക്കാനുള്ള കഴിവില്ല. 350 വർഷം മുമ്പ് അപ്രത്യക്ഷമായ പക്ഷിയെ, സ്റ്റെം സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർസൃഷ്ടിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിലാണ് മൗറീഷ്യൻ പക്ഷിയുടെ സാന്നിധ്യം അവസാനമായി രേഖപ്പെടുത്തിയത്.
ഡോഡോ പക്ഷികൾ പ്രാവുകളുടെ അടുത്ത ബന്ധുക്കളാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് ഡോഡോ പക്ഷികളുടെ ജനിതക ഘടനയെ കുറിച്ച് കൂടുതൽ മനസിലാക്കിയത്. പ്രാവുകളിലൂടെയുള്ള പുനരവതരണം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷണ സംഘം. ഡോഡോ പക്ഷികളുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത് 1507 ൽ യൂറോപ്യൻമാരാണ്.