Breaking News

പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്‍മാരും സമരത്തിലേക്ക്; നാളെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും

പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ നാളെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ്

ഹൗസ് സര്‍ജന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളം തെറ്റിയ നിലയിലാണ്.

പിജി ഡോക്ടര്‍മാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ അടക്കം ഒഴിവാക്കിയുള്ള സമരം മൂന്നാം ദിനവും തുടരുകയാണ്. എന്നിട്ടും സമരം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകസംഘടനകളും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.

പിജി സമരത്തെ തുടര്‍ന്ന് ജോലി ഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്‌റ്റൈപന്‍ഡ് വര്‍ധനവ് പുനസ്ഥാപിക്കാത്തതുമാണ് ഹൗസ് സര്‍ജന്മാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍. നാളെ രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂറിലേക്ക് കൊവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കും. കെജിഎംസിടിഎയും പിജി ടീച്ചേഴ്‌സ് അസോസിഷേനും തല്‍കാലത്തേക്ക് ബഹിഷ്‌കരണ സമരത്തിനില്ല.

പക്ഷെ പ്രതിഷേധനടപടികള്‍ തുടരും. സമരം കടുക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റും. ഒപി രോഗികളുടെ എണ്ണം മിക്കയിടത്തും വെട്ടിചുരുക്കി. നീട്ടിവച്ച ശസ്ത്രക്രിയകള്‍ നടക്കാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടിലാണ്. പിജി ഡോക്ടമാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്.

എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്ന് സമരക്കാര്‍ പറയുന്നത്. ഇനി ചര്‍ച്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ തുടരുന്നതിനിടെ കൂടുതല്‍ സംഘടനകളും സമരത്തിലേക്ക് നീങ്ങുന്നതോടെ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …