ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തിൽ നടക്കും. സിനിമാ താരങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ശനിയാഴ്ച രാവിലെയാണ് ചെന്നൈയിലെ നുങ്കമ്പാക്കത്തെ വീട്ടിൽ ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മരിച്ച് മൂന്ന് വർഷമായി ഇവർ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുജോലിക്കാരിയായ യുവതി രാവിലെ ജോലിക്കെത്തിയപ്പോൾ ബെല്ലടിക്കുകയും ഫോൺ വിളിക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികളെയും പിന്നീട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് വാണി ജയറാം തറയിൽ കിടക്കുന്നത് കണ്ടത്. നെറ്റിയിൽ ഒരു മുറിവുണ്ടായിരുന്നു. മുറിയിലെ ടീപ്പോയിൽ തല ഇടിച്ചാതാകാമെന്നാണ് പൊലീസ് നിഗമനം. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.