കോഴിക്കോട്: കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന ആരോപണം തള്ളി മന്ത്രി വി അബ്ദുറഹ്മാൻ. പി ടി ഉഷ ഉന്നയിക്കുന്നത് പഞ്ചായത്തുമായി ചർച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണ്. അല്ലാതെ ഡൽഹിയിൽ പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന് ഐഒഎ പ്രസിഡന്‍റ് പി ടി ഉഷ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നേരത്തെ ചിലർ പ്രദേശത്ത് അതിക്രമിച്ച് കയറി ചെങ്കൊടി നാട്ടിയതായും ഉഷ ആരോപിച്ചു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജലജീവൻ പദ്ധതിയുടെ ഭാഗമായ പൈപ്പിംഗ് ജോലികൾ നടത്തിയതെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കിനാലൂരിൽ കെ.എസ്.ഐ.ഡി.സി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിനു കൈമാറിയ 30 ഏക്കർ സ്ഥലത്ത് അനധികൃത നിർമ്മാണം നടക്കുന്നുവെന്നാണ് പി.ടി ഉഷയുടെ ആരോപണം. ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. നേരത്തെ ഇവിടെ ചുമന്ന കൊടി കെട്ടിയത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നീക്കം ചെയ്തത്.
ലഹരിമാഫിയയുടെ ഭീഷണി രൂക്ഷമാണെന്നും കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ഉഷ ആരോപിച്ചിരുന്നു. എന്നാൽ ഉഷയുടെ ആരോപണം പനങ്ങാട് പഞ്ചായത്ത് തള്ളി. നിരവധി പേർ താമസിക്കുന്ന കാന്തലാട് കുന്നിലേക്കുള്ള റോഡ് ഉൾപ്പെടുന്ന സ്ഥലം കെ.എസ്.ഐ.ഡി.സി നേരത്തെ ഏറ്റെടുത്തിരുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഈ റോഡ് ഉൾപ്പെടെയുള്ള സ്ഥലം പിന്നീട് പി.ടി ഉഷയ്ക്ക് കൈമാറി. പഞ്ചായത്തിന്‍റെ ആസ്തിവികസന രജിസ്റ്ററിൽ ഉൾപ്പെട്ട റോഡിൽ ജൽ ജീവൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ സ്ഥാപിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് വി.എം.കുട്ടികൃഷ്ണൻ പറഞ്ഞു.