കുളത്തൂപ്പുഴ : ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവൻ രക്ഷിക്കുക എന്ന ദൗത്യത്തോടെ ഒരു നാട് മുഴുവൻ കൈകോർത്തപ്പോൾ, ആ സഹായം ചെന്നെത്തിയത് നിർധനരും, നിത്യരോഗികളുമായ 130ഓളം പേരിലേക്ക്. രോഗബാധിതനായ പ്രവാസിക്കായി 60 ലക്ഷം രൂപയാണ് ഒരു നാട് ഒരുമിച്ച് സ്വരൂപിച്ചത്.
ഡാലി മൈലുമേട് റോസ് മൻസിലിൽ നിസാം ബഷീർ എന്ന യുവാവിനായി എൻ.കെ പ്രേമചന്ദ്രൻ എം.പി ഇടപെട്ടതോടെ, ഗ്രാമപഞ്ചായത്ത് അംഗം പി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചികിത്സാസഹായനിധി ആരംഭിക്കുകയായിരുന്നു. യുവാവിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ 30 ലക്ഷം രൂപയും, തുടർചികിത്സക്ക് വേണ്ട 10 ലക്ഷം രൂപയും നൽകിയ ശേഷം ബാക്കി വന്ന തുക അർബുദം, വൃക്കരോഗ ചികിത്സ എന്നിവ നടത്തുന്ന 130 ഓളം പേർക്ക് നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ, അഭിഭാഷകൻ കോഴിക്കോട് സ്വദേശി ഷെമീർ കുന്നമംഗലം സഹായനിധിയിൽ പങ്കാളിയായതോടെ വിദേശത്തുള്ള നിരവധി സുമനസ്സുകളുടെ സഹായവും യുവാവിനെ തേടിയെത്തി. വെറും ഒരു മാസം കൊണ്ടാണ് 60 ലക്ഷം രൂപ സമാഹരിച്ചത്. ഇതിൽ ഏറിയ പങ്കും കുളത്തൂപ്പുഴ നാട്ടുകാരുടെയാണെന്നതിൽ ഏവരും അഭിമാനിക്കുന്നു. കുളത്തൂപ്പുഴ മാർക്കറ്റ് ജംഗ്ഷന് സമീപം നടന്ന ചടങ്ങിൽ എം.പി എൻ.കെ. പ്രേമചന്ദ്രൻ നിസാമിനും മറ്റ് 130 പേർക്കുമായി സഹായനിധിയിലൂടെ ലഭിച്ച തുക വിതരണം ചെയ്തു.