തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ നേരത്തെ അറിയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ടിരുന്നു. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുകയാണെന്നാണ് അലക്സ് വി ചാണ്ടി പരാതിയിൽ ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിക്കാൻ പലരും സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി ആരോപിച്ചു. അച്ഛന് ഏറ്റവും മികച്ച ചികിത്സ ലഭിക്കണമെന്നാണ് ഇളയ മകൾ അച്ചു ഉമ്മൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയെ കുടുംബം ശക്തമായി എതിർക്കുന്നുണ്ട്. അലക്സ് വി ചാണ്ടിയുടെ പ്രസ്താവനകൾക്ക് മറുപടി പറയാൻ താനില്ലെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയിൽ ഉമ്മൻ ചാണ്ടി തന്നെ പ്രതികരിച്ചിട്ടുണ്ട്. അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മറുപടി നൽകി.