പത്തനംതിട്ട: പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന അധ്യാപകർ തയ്യാറാക്കുന്ന പുതിയ പാഠപുസ്തകങ്ങളാവും അടുത്ത അധ്യയന വർഷം സ്കൂൾ കുട്ടികൾക്ക് ലഭ്യമാകുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ വരുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ഏപ്രിൽ ഒന്നു മുതൽ പുതിയ പുസ്തകങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടികളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന പാഠപുസ്തകങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പാഠപുസ്തക രചനയിൽ താൽപ്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ വാങ്ങിയത്. 2013 പേർ അപേക്ഷിച്ചു. 750 പേരെ പരീക്ഷയിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇടുക്കി ജില്ലയിൽ രണ്ട് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മറ്റ് ജില്ലകളിൽ ഓരോന്നു വീതവും. വിശദീകരിച്ച് എഴുതേണ്ട ചോദ്യങ്ങളാണുള്ളത്.
പ്രസ്തുത ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ ആശയങ്ങൾ ഗ്രഹിക്കാൻ എളുപ്പമുള്ള ശൈലിയിലായിരിക്കണം ഉത്തരങ്ങൾ എഴുതേണ്ടത്. കുട്ടികളോട് ഏറ്റവും അടുപ്പമുള്ള ഉത്തരങ്ങൾ എഴുതുന്നവർക്ക് റാങ്ക് ലിസ്റ്റിൽ ഇടം ലഭിക്കും. ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനം (ഡയറ്റ്) പരീക്ഷകൾ നടത്തും.